കാപ്പ ചുമത്തി നാടു കടത്തിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാസർക്കോട് സ്വദേശി പന്നിയങ്കര പോലീസ് പിടിയിൽ. മഞ്ചേശ്വരം, കുമ്പള പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയായ അബ്ദുൾ ഇർഷാദ് (33) നെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്.
കാസർഗോഡ് ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടു കടത്തപ്പെട്ട അബ്ദുൾ ഇർഷാദ് പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ ചക്കുംകടവിൽ മറ്റൊരു കാസർഗോഡ് സ്വദേശിയുടെ വാടക വീട്ടിൽ അതിക്രമിച്ചു കയറി വരാന്തയിൽ നിർത്തിയിട്ട മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് അടിച്ചു തകർക്കുകയും വീടിനുള്ളിൽ കയറി 14000 രൂപയും 5000 രൂപ വിലയുള്ള സ്വീറ്റ് കോണും കവരുകയും ചെയ്തതിന്ന് പന്നിയങ്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പ്രതി കുറ്റിച്ചിറ മിശ്കാൽ പള്ളിക്ക് സമീപത്തെ വീട്ടിൽ ഒളിച്ചു താമസിക്കുകയാണെന്ന വിവരത്തെ തുടർന്ന് പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ബിജു എം, SCPO വിജേഷ് കെ സി, ദിലീപ് ടി പി, ബിനോയ് വിശ്വം എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്ക് കാസർഗോഡ് ജില്ലയിൽ നിരവധി സ്റ്റേഷനുകളിൽ അറസ്റ്റ് വാറണ്ടുകൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻറ് ചെയ്തു.