കോഴിക്കോട് :-പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണൻ (92) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയിൽ വിശ്രമജീവിതം വരവേ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്ത്യൻ അക്കാദമിക ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൻ്റെ മുൻ അധ്യക്ഷൻ കൂടിയായിരുന്നു.മലപ്പുറം പരപ്പനങ്ങാടി മുറ്റായിൽ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എം.ജി.എസ്. ജനിച്ചത്.
പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പൻ) കോളേജിലും ഫാറൂഖ് കോളേജിലും തൃശൂർ കേരളവർമ കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലും ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങൾ പൂർത്തിയാക്കി. ഒന്നാം റാങ്കോടെ ചരിത്രത്തിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സിൽ യുജിസി ഫെലോഷിപ്പിൽ യൂണിവേഴ്സിറ്റിയിൽ ചരിത്രഗവേഷണം ആരംഭിച്ചു.പഴയലിപികളും ഭാഷകളിലും എം.ജി.എസ് പ്രാവീണ്യം നേടുന്നത് പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ സഹായത്തിലാണ്. പുരാലേഖ്യങ്ങളും തമിഴ്-സംസ്‌ത ഗ്രന്ഥങ്ങളും പുരാവസ്‌തു പഠനങ്ങളും ആധാരമാക്കി എ.ഡി ഒമ്പതു മുതൽ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളിൽ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ അധികരിച്ച് തയ്യാറാക്കിയ Perumals of Kerala ഗവേഷണപ്രബന്ധത്തിന് പി എച് ഡി ലഭിച്ചു. നീണ്ട പന്ത്രണ്ടുവർഷക്കാലം കൊണ്ട് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം പുസ്തകരൂപത്തിൽ അച്ചടിക്കുന്നത് പിന്നെയും ഇരുപത് വർഷങ്ങൾ കഴിഞ്ഞാണ്.ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം കേരള സർവകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തിൽ ചരിത്രവിഭാഗം അധ്യാപകനായി ജോലിയിൽ പ്രവേശിച്ച എംജിഎസ് പിന്നീട് പഠനകേന്ദ്രം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായപ്പോൾ ചരിത്രവിഭാഗം അധ്യക്ഷനായി. പ്രൊഫസർ, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഫാക്കൽറ്റി ഡീൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. 1976 മുതൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിച്ചു വിവിധ ചുമതലകൾ വഹിച്ചു. കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചുമായി സഹകരിച്ച് അനവധി ചരിത്രപ്രാധാന്യമുള്ള പ്രൊജക്ടുകൾക്ക് നേതൃത്വം വഹിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു.
കേരളചരിത്രം, തമിഴകചരിത്രം, പ്രാചീനഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എംജിഎസ് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്. പതിറ്റാണ്ടുകളുടെ അധ്യാപനപരിചയത്തിൽ ആയിരത്തിലധികം ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അനേകം ബിരുദാനന്തരഗവേഷണപദ്ധതികൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുനൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ചരിത്ര ലേഖനങ്ങളെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹത്തിന്റെ സാഹിത്യാഭിരുചി വളരെയധികം ഗുണം ചെയ്തിരുന്നു. ചരിത്ര ലേഖനങ്ങൾക്കുപുറമേ കവിതയും ഇഷ്ടമേഖലയായിരുന്നു.