തേഞ്ഞിപ്പലം: പ്രാക്റ്റിക്കൽ പരീക്ഷയിൽ പൂജ്യം ഇൻ്റേണൽ മാർക്ക് ലഭിച്ചയാളെ വിജയിപ്പിക്കാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് നീക്കം. സർവകലാശാലക്ക് കീഴിലുള്ള ചിറ്റൂർ ഗവൺമെന്റ് കോളജിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർഥിയെ വിജയിപ്പിക്കാനാണ് സിൻഡിക്കേറ്റ് നീക്കം നടത്തുന്നത്.
ചാൻസലറുടെ പരിഗണനയിലുള്ള പരാതിയിൽ അന്തിമ തീർപ്പ് കൽപ്പിക്കാതെയാണ് ധൃതി പിടിച്ച് തോറ്റയാളെ ജയിപ്പിക്കാൻ നീക്കം നടത്തുന്നത്. രാഷ്ട്രീയ പരിഗണനയുടെ പേരിലാണ് ഇപ്പോൾ ഇത് പരിഗണിക്കാൻ സിൻഡിക്കേറ്റ് വീണ്ടും നീക്കം നടത്തുന്നത്. തന്റെ പൂജ്യം മാർക്ക് ആറാക്കി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി നേരത്തെ പരീക്ഷ സ്റ്റാൻഡിങ് കമ്മിറ്റിക്ക് ഉൾപ്പെടെ നൽകിയ അപേക്ഷ നിയമപരമായി പരിഗണിക്കാൻ സാധ്യമല്ല എന്ന് കണ്ട് തള്ളിയിരുന്നു.
ഏപ്രിൽ 2018-ലെ നാലാം സെമസ്റ്റർ റെഗുലർ പരീക്ഷയിൽ ഫിസിക്കൽ ആൻഡ് അപ്ലൈഡ് കെമിസ്ട്രി പ്രാക്ടിക്കൽ പേപ്പറിന് പ്രാക്ടിക്കൽ റെക്കോർഡുകൾ സമർപ്പിക്കുക, പ്രാക്ടിക്കൽ ക്ലാസുകളിൽ പങ്കെടുക്കുക, മോഡൽ പരീക്ഷയിൽ പങ്കെടുക്കുക തുടങ്ങിയ മിനിമം കാര്യങ്ങൾ ചെയ്യാത്തതിനാൽ 2016-2019 ബാച്ച് ബി.എസ് സി ബോട്ടണി വിദ്യാർഥിയായ ഇയാൾക്ക് കോളജ് പൂജ്യം ഇൻ്റേണൽ മാർക്കാണ് നൽകിയിരുന്നത്. കോളജിലെ കെമിസ്ട്രി വകുപ്പ് കൂട്ടായാണ് പൂജ്യം മാർക്ക് നൽകാനുള്ള തീരുമാനമെടുത്തത്. നിയമപരമായി ഇൻ്റേണൽ മെച്ചപ്പെടുത്താൻ പിന്നീട് അവസരവും ഉണ്ടാകില്ല. യൂനിവേഴ്സിറ്റി രേഖകൾ പരിശോധിച്ചതിൽ, സപ്ലിമെൻ്ററി പരീക്ഷയിൽ വിദ്യാർഥിക്ക് 31 മാർക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് കണ്ടെത്തിയിരുന്നു. എക്സ്റ്റേണലിന്റെ 50% താഴെ. അപ്‌ലോഡ് ചെയ്ത ശേഷം ഇൻ്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ നിയമം അനുവദിക്കാത്തതിനാൽ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷയുടെ ഇൻ്റേണൽ മാർക്ക് ഇപ്പോഴും പൂജ്യമായി തുടരുകയാണ്. പ്രസ്തുത വിഷയത്തിൽ വിജയിക്കണമെങ്കിൽ വിദ്യാർഥിക്ക് കുറഞ്ഞത് 80 ൽ 32 മാർക്ക് നേടേണ്ടതുണ്ട്. പിന്നീട് വിദ്യാർഥി നൽകിയ പരാതിയിൽ മാർക്ക് 0 നൽകിയതിൽ കോളജ് ലെവൽ ഇന്റേണൽ ഗ്രീവൻസ് കമ്മറ്റി വിദ്യാർഥിക്ക് അനുകൂലമായി സർവകലാശാലയോട് ശുപാർശ ചെയ്തിരുന്നു.
എന്നാൽ, 2021 ജനുവരി അഞ്ചിനു ചേർന്ന പരീക്ഷ സ്റ്റാൻഡിങ് കമ്മിറ്റി വിദ്യാർഥിയുടെ അപേക്ഷ തള്ളി. പിന്നീട് വിദ്യാർഥി തുടർച്ചയായ സപ്ലിമെൻററി പരീക്ഷകളിൽ പങ്കെടുക്കുകയും നാലാം സെമസ്റ്റർ പ്രാക്ടിക്കൽ പേപ്പർ ഫിസിക്കൽ ആൻഡ് അപ്ലൈഡ് കെമിസ്ട്രി ഒഴികെ ബാക്കി പരാജയപ്പെട്ട പേപ്പറുകൾ എല്ലാം തന്നെ വിജയിക്കുകയും ചെയ്തു. 2023 ഓഗസ്റ്റ് 11ന് വിദ്യാർഥി 2018 ഏപ്രിലിലെ നാലാം സെമസ്റ്റർ പരീക്ഷയിലെ ഫിസിക്കൽ ആൻഡ് അപ്ലൈഡ് കെമിസ്ട്രി പ്രാക്ടിക്കലിന്റെ ഇൻ്റേണൽ മാർക്ക് പൂജ്യത്തിൽ നിന്ന് ആറ് ആയി തിരുത്താനുള്ള മുൻ അപേക്ഷ പുനഃപരിശോധിക്കണമെന്ന് അഭ്യർഥിച്ചു. എന്നാൽ, 2021 ഡിസംബർ 3-ന് സർവകലാശാല ഈ അപേക്ഷ നിരസിക്കുകയും കെമിസ്ട്രി പ്രാക്ടിക്കൽ കോഴ്സിനായി പ്രത്യേക സപ്ലിമെൻ്ററി പരീക്ഷ നടത്താൻ സ്പെഷ്യൽ സപ്ലിമെൻ്ററി സെല്ലിനെ സമീപിക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതിനിടെ, ഇൻ്റേണൽ തിരുത്താൻ വിദ്യാർഥി സ്റ്റുഡന്റ്സ് ഡീനിന് നൽകിയ അപേക്ഷ ബോർഡ് ഫോർ അഡ്ജുഡിക്കേഷൻ ഓഫ് സ്റ്റുഡൻ്റ്സ് ഗ്രീവൻസിന് (ബി.എ.എസ്.ജി) കൈമാറി. ഇവിടെ നിന്ന് സിൻഡിക്കേറ്റിന് കൈമാറിയ അപേക്ഷ 2023 ഒക്ടോബറിൽ സിൻഡിക്കേറ്റ് അംഗീകരിച്ച് ചിറ്റൂർ കോളജ് പ്രിൻസിപ്പലിന് മാർക്ക് നൽകാൻ നിർദേശം നൽകി. ഇതിനെതിരേ 2024 ജനുവരി 19ന് സേവ് യൂനിവേഴ്സിറ്റി കാംപയിൻ കമ്മറ്റി, സിൻഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ്, അംഗങ്ങളായ ഡോക്ടർ ആബിദ ഫാറൂഖി, ലഫ്റ്റനന്റ് ഡോക്ടർ എ.ടി അബ്ദുൽ ജബ്ബാർ, ഡോക്ടർ അൻവർ ഷാഫി എന്നിവർ ചാൻസലർക്ക് നൽകിയ പരാതിയെ തുടർന്ന് ഇപ്പോൾ ഇത് ചാൻസലറുടെ പരിഗണനയിലാണ്. എന്നാൽ, ഇപ്പോൾ സിൻഡിക്കേറ്റ് അംഗങ്ങൾ വിഷയം വൈസ് ചാൻസലറുടെ പരിഗണനയിൽ കൊണ്ടുവന്ന് സിൻഡിക്കേറ്റിനെ കൊണ്ട് അംഗീകരിപ്പിച്ച് പൂജ്യം മാർക്ക് വർധിപ്പിച്ച് വിദ്യാർഥിയെ വിജയിപ്പിക്കുന്നതിനാണ് നീക്കം നടത്തുന്നത്.
_________________________